Follow Us :
വിനോദ് എം
അന്നൊക്കെ മാർച്ച് മാസം വന്നാൽ കൊല്ലപ്പരീക്ഷ ഒന്ന് വേഗം കഴിയണേ എന്നായിരുന്നു പാലയാടുള്ള വിദ്യാർത്ഥികൾ ആഗ്രഹിച്ചിരുന്നത്. കാരണം പരീക്ഷ കഴിയുന്നതോടെ ആരംഭിക്കുന്ന ഒരു ഫുട്ബോൾ ടൂർണമെന്റ് ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. സെവെൻസ് ടൂർണമെന്റ്. ചിറക്കുനി സി പി യങ്മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആയിരുന്നു ആ ടൂർണ്ണമെന്റ് നടത്തപ്പെട്ടിരുന്നത്..
പാലയാട് നരിവയൽ ഗ്രൗണ്ടിൽ വെച്ചായിരുന്നു ടൂർണമെന്റ് നടത്തിയിരുന്നത്. എന്റെ ഓർമ്മയിൽ ഒരു ഫുട്ബോൾ ടൂർണമെന്റ് എന്നാൽ സി പി യൂങ്മെൻസിന്റെ ടൂർണമെന്റ് ആയിരുന്നു. നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും കളി കാണുവാൻ എത്തിച്ചേരുമായിരുന്നു.. ആ കാലത്ത് കുട്ടികൾക്കായി 4 അടി 10 ഇഞ്ച് ഹൈറ്റ് വെച്ചുള്ള ഫുട്ബോൾ ടൂർണമെന്റ് പലതും ഞാൻ കളിച്ചിരുന്നെങ്കിലും മുതിർന്നവരുടെ മറ്റ് ടൂർണമെന്റുകൾ ഒന്നും തന്നെ കണ്ടിട്ടില്ലാതിരുന്ന ഞങ്ങൾ നാട്ടുകാർക്ക് അതൊരു ഉത്സവം തന്നെയായിരുന്നു. TV യൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു എന്നോർക്കണം. , നാട്ടിൽ നിന്നും പുറത്തുനിന്നുമായി പത്തിരുപത്തഞ്ച് ടീമുകൾ കാണും.
നാട്ടിലെ ടീമുകളായ റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്, ജവാൻ ഗോപി സ്മാരക സ്പോർട്സ് ക്ലബ്, ഭാരത് സ്പോർട്സ് ക്ലബ്, ലക്കിസ്റ്റാർ വടക്കുമ്പാട്, സഖാവ് ഏട്ടൻ നാണു സ്മാരക സ്പോർട്സ് ക്ലബ്, ഉദയ സ്പോർട്സ് ക്ലബ്, തിലാനൂർ സ്പോർട്സ് ക്ലബ്, തുടങ്ങി ഒട്ടനവധി ക്ലബ്ബുകൾ ഇന്നും ഓർമ്മയിൽ നിൽക്കുന്നു.
അന്ന് നമ്മുടെ നാട്ടിൽ തീരെ പ്രചാരമില്ലാതിരുന്ന ഗെയിം ആയിരുന്നു ക്രിക്കറ്റ്.. അതിന്റെ ഭാരിച്ച ചിലവ് തന്നെയായിരുന്നു കാരണം. ബാറ്റ്, വിക്കറ്റ്, ബോൾ, കീപ്പിങ് ഗ്ലൗസ്, ബാറ്റിംഗ് ഗ്ലൗസ്, കീപ്പിങ് പാഡ്, ബാറ്റിംഗ് പാഡ് (ചുരുങ്ങിയത് 3 pair ) തുടങ്ങി എല്ലാം വാങ്ങിക്കുവാൻ പണം ആരുടെ കയ്യിലും ഉണ്ടാകുമായിരുന്നില്ല. ഇന്നത്തെ ടെന്നീസ് ബോൾ അന്ന് പ്രചാരത്തിൽ ഉണ്ടായിരുന്നുമില്ല. . പാലയാട് പത്മാ ടാക്കീസിലെ മണിയേട്ടൻ ആയിരുന്നു ഇവയൊക്കെ സ്വന്തം ചിലവിൽ വാങ്ങിച്ചിരുന്നത്. അദ്ദേഹത്തിന് പ്രചോദനം കിട്ടിയത് രമേശേട്ടനിൽ നിന്നുമായിരുന്നു. രമേശേട്ടൻ അന്ന് ബ്രണ്ണൻ കോളേജിന് വേണ്ടിയും തലശ്ശേരി സ്റ്റുഡന്റസ് ക്ലബിന് വേണ്ടിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടിയും ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു.
അത്രയും കാലം റബ്ബർ ബോൾ മാത്രം കണ്ട് ശീലിച്ച നമ്മൾ നാട്ടുകാർക്ക് ക്രിക്കറ്റ് ബോൾ ഒരു അത്ഭുതവും ഭയവും ആയായിരുന്നു. അത് ബാറ്റിൽ കൊള്ളുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലും എല്ലാവർക്കും അപരിചതമായിരുന്നു . ബോൾ എങ്ങാനും ശരീരത്തിലോട്ട് കൊണ്ടാലോ എന്ന് ചിന്തിച്ചു കളി ദൂരെ നിന്ന് കാണുവാൻ പോലും ആരും തയ്യാറായിരുന്നില്ല. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ക്രിക്കററ്റിന്റെ നിയമാവലിയൊന്നും ആർക്കും തന്നെ അറിയില്ലായിരുന്നു. ഏതൊരാൾക്കും ആസ്വദിക്കുവാൻ സാധിച്ചിരുന്ന ഫുട്ബോൾ പോലെ ക്രിക്കറ്റിനെ ആസ്വദിക്കുവാൻ പറ്റില്ലല്ലോ. ഒരാൾ ഓടിവന്നു ബൗൽ ചെയ്യും (എറിയാൻ എന്തിനാണ് ഇങ്ങനെ ഓടി വരുന്നത് എന്ന് പലരും ചോദിച്ചിരുന്നു). ചില ബോൾ മാത്രമേ ബാററ്റ്സ്മാന്റെ ബാറ്റിൽ കൊണ്ടിരുന്നുള്ളൂ. കുറേ പേര് ഗ്രൗണ്ടിൽ അവിടെ ഇവിടെ വിതറിയത് പോലെ കാണാം. ആർക്കും ഒന്നും മനസ്സിലാകാറില്ല. കളിയുടെ നിയമങ്ങളൊന്നും കളിക്കുന്ന ഞങ്ങളിൽ പോലും പലർക്കും അറിയില്ല. നിയമങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കി തന്നത് രമേശേട്ടനായിരുന്നു.
സി പി യൂങ്മെൻസിന്റെ ഫുട്ബോൾ കളി വൈകീട്ട് 5.30 ന് ആണ് തുടങ്ങിയിരുന്നത്. ഫുട്ബോൾ ഗ്രൗണ്ടിന്റെ തൊട്ടപ്പുറത്ത് കൊഞ്ചൻ കണ്ണേട്ടന്റെ വീടിന് മുൻപിലായി ഒരു ക്രിക്കറ്റ് പിച്ച് ഉണ്ടാക്കി ഞങ്ങൾ ക്രിക്കറ്റ് കളി ആരംഭിച്ചു. 3 മണി മുതൽ 5 മണിവരെ ക്രിക്കറ്റ്. അതിന് ശേഷം ഫുട്ബോൾ കളി കാണുക ഇതായിരുന്നു രീതി.
അന്ന് ഈ അപകടം പിടിച്ച ക്രിക്കറ്റ് കളിക്കാൻ കുട്ടികളെ രക്ഷിതാക്കൾ അനുവദിച്ചിരുന്നില്ല. മണിയേട്ടൻ, രമേശേട്ടൻ, പാച്ചാക്കര മോഹനേട്ടൻ, സജുവേട്ടൻ, സുരയേട്ടൻ, രമേശൻ (ഹോഗ്) രത്നാകരൻ, സുരൻ, നെല്ലിക്ക ചന്ദ്രൻ, പാച്ചാക്കര ദിനേശൻ(സോൾക്കർ) , വെള്ളോഴുക്ക് രമേശൻ, കോളേജ് മെൻസ് ഹോസ്റ്റൽന് സമീപത്തുള്ള ഉദയൻ (ഗാവറി), കിഴക്കേ പാലയടുള്ള ഷൈലൻ, അണ്ടലൂർ ഇരുന്നാലിയത് പ്രദീപ്, അസീസ് പോലീസ്, എറമുക്ക(ഒരു അൻപത് അന്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന ഈ എറമുക്ക ആരാണെന്നോ എവിടുന്ന് വരുന്നതാണെന്നോ അന്നും ഇന്നും ആരും തിരക്കിയിരുന്നില്ല ) , അഷറഫ്, സുരേഷ് ബാബു (അബീദ് അലി) അങ്ങനെ ഒട്ടനവധി ആളുകൾ എത്തിയിരുന്നു. എല്ലാരും തലശ്ശേരി സ്റ്റേഡിയം അല്ലെങ്കിൽ സെന്റ് ജോസഫ് സ്‌കൂളുമായി ബന്ധം കാണും.
ഫുട്ബോൾ കാണികൾ നേരത്തെ എത്തിതുടങ്ങിയാൽ പിന്നേ ഞങ്ങൾക്ക് ക്രിക്കറ്റ് കളിക്കാൻ പറ്റിയിരുന്നില്ല. ബോളെങ്ങാനും ആർക്കെങ്കിലും കൊണ്ടാൽ അത് മതി. തിന്നിട്ട് എല്ലിന്റെ ഇടക്ക് കുത്തുന്ന പണക്കാരുടെ കളിയാണ് ക്രിക്കറ്റ് എന്ന് പറഞ്ഞ പലരെയും എനിക്കറിയാം. എല്ലാം തന്നെ ഒരു തരം മുൻവിധി . അറിവില്ലായ്മ കൊണ്ടുള്ള അഭിപ്രായം മാത്രമാണ് അതെന്ന് ഞങ്ങൾക്ക് മാത്രമല്ലേ അറിയുള്ളൂ.
അഞ്ചരക്ക് ഫുട്ബോൾ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ആരവമായി. ലൈൻ അമ്പയർമാർ ആയി നിൽക്കുന്നത് പഴയ കാല താരങ്ങളായിരുന്ന മാണിയത്ത് ബാലേട്ടൻ, തത്ത ശേഖരേട്ടൻ, ഒൻപതര ഗോവിന്ദേട്ടൻ, കൊക്കോടൻ ദാമു മാഷ്, കൊക്കോടൻ നാരായണേട്ടൻ തുടങ്ങിയവരായിരുന്നു. അവർ രണ്ട് പേര് വീതം പല ദിവസങ്ങളായി മാറി മാറി നില്കും. റഫറിമാർ കൂടുതലും ബാലൻ മാസ്റ്റർ, എ ഡി കോയ എന്നിവരായിരുന്നു.
ഫുട്ബോൾ ഗ്രൗണ്ടിന് വടക്കു പടിഞ്ഞാറു ഭാഗത്തായി ചന്ദ്രേട്ടന്റെ ഒരു ചന്ത എന്നുമുണ്ടാകും. മൂന്നു പൈസയുടെ ഐസ് മുട്ടായി , അഞ്ച് പൈസയുടെ പൽ ഐസ് ഇവയായിരുന്നു ചന്ദ്രേട്ടന്റെ ചന്തയിലെ അട്രാക്ഷൻ.കൂട്ടത്തിൽ നാടൻ തണ്ണിമത്തൻ. അന്ന് മൈസൂർ വത്തക്ക ഇല്ലായിരുന്നു.
എല്ലാ ടീമുകൾക്കും നിറയെ ആരാധകർ ഉണ്ടായിരുന്നു. വർഷങ്ങളോളം പഞ്ചായത്ത് ഇലക്ഷൻ നടക്കാതിരുന്ന ആ കാലത്ത് സ്ഥിരം ഉത്ഘാടനം നടത്തിയിരുന്നത് അന്നത്തെ സ്ഥിരം പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന വേണാടൻ കുമാരേട്ടനായിരുന്നു. എല്ലാ വർഷവും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നമ്മുടെ നാട്ടിൽ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഇല്ല എന്ന പരാമര്ശമുണ്ടാകും. അദ്ദേഹത്തിന്റെ മരണം വരെ അത് അങ്ങനെ തന്നെ നിലനിന്നു.
കാണികളെ നിയന്ത്രിക്കുവാൻ വെറും ഒരു കയർ മാത്രമേ കെട്ടിയിരുന്നുള്ളൂ . ആരും ആ കയർ പൊട്ടിക്കുകയോ കയർ കടന്ന് മുന്നോട്ടു പോവുകയോ ചെയ്യാറില്ല. എന്ത് മാത്രം ശക്തമായ ആർപ്പുവിളികൾ ഉയർന്നാലും കാണികൾ ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടൽ ഒരിക്കൽ പോലും ഉണ്ടായിട്ടില്ല. അതിന് ശേഷം തൊട്ടടുത്ത പഞ്ചായത്തുകളായ പിണറായി, എടക്കാട്, വടക്കുമ്പാട് തുടങ്ങിയ പ്രദേശങ്ങളിൽ ഫുട്ബോൾ ടൂർണമെന്റ് നടന്നിരുന്നെങ്കിലും നരിവയലിൽ ഉണ്ടായിരുന്നത്ര കാണികൾ എവിടെയും ഇല്ലായിരുന്നു.
ടൂർണമെന്റ്ന്റെ ഭാഗമായി അന്നൊക്കെ പത്മ ടാക്കീസിലെ ഫസ്റ്റ് ഷോ ആറെമുക്കാലിനാണ് നടത്തിയിരുന്നത്. ടൂർണമെന്റ് നടക്കുന്നതിന് ഇടയിലായിരിക്കും ജനങ്ങൾ വിഷു കൊണ്ടാടിയിരുന്നത്. മിന്നി ഗോപിയേട്ടന്റെയും ദയനന്ദ് സ്റ്റോറിലെയും പടക്ക കച്ചവടം തകൃതിയായി നടക്കുമെങ്കിലും ഒരിക്കൽ പോലും ഒരാളും ഒരു പടക്കം ഫുട്ബോൾ ഗ്രൗണ്ടിൽ കൊണ്ടുവന്നു പൊട്ടിച്ചിരുന്നില്ല എന്നത് ഇന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. കശുവണ്ടിയുടെ കാലമായിരുന്നത് കൊണ്ട് പല കുട്ടികളുടെയും കയ്യിലും പൈസ ഉണ്ടായിരുന്നു. എന്നിട്ട് കൂടിയാണ് ഗ്രൗണ്ടിൽ പടക്കം ഒഴിവാക്കി എന്നത് ജനങ്ങളുടെ സാമാന്യ ബോധമായിരുന്നു. അന്ന് വളരെ നല്ലൊരു അന്തരീക്ഷമായിരുന്നു എന്ന് ഊഹിക്കാമല്ലോ ?
ജവാൻ ഗോപി ടീം നല്ല കളി കാഴ്ചവെച്ചാലും അവർക്ക് വേണ്ടതായ സപ്പോർട്ട് കിട്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിരുന്നു. കാലങ്ങൾക്ക് ശേഷമാണ് അതിന്റെ രാഷ്ട്രീയം മനസ്സിലായത്. നമ്മുടെ കൂടെ ക്രിക്കറ്റ് കളിച്ചിരുന്ന ശൈലൻ ജവാൻ ഗോപിക്ക് കളിച്ചിരുന്നത് കാരണം ഞങ്ങൾ എപ്പോഴും അവരെ പിന്തുണച്ചിരുന്നു. ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്നത് സ: ഏട്ടൻ നാണുവിനാണ്. അവർക്ക് കളിച്ചിരുന്ന ശശി, പ്രേമൻ എന്നിവർ എന്നും സൂപ്പർ സ്റ്റാറുകളായിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പ്രീഡിഗ്രി പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞാനും ഒരു ഫുട്ബോളർ ആയി മാറി. പല ഗ്രൗണ്ടുകളിലും കളിച്ചിരുന്ന എനിക്കും നരിവയൽ ടൂർണമെന്റിൽ കളിക്കുവാനും ടൂർണമെന്റിലെ ഏറ്റവും മികച്ച ഫോർവേഡ് എന്ന ട്രോഫി നേടിയെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞാൽ നരിവയലിലേക്കുള്ള പോക്ക് എല്ലാവരും നിർത്തും.
ക്രിക്കറ്റ് കളി തുടരുക എന്നത് വളരെ ശ്രമകരമായിരുന്നു. കളിക്കാൻ ആളുകളെ കിട്ടുവാൻ പാടാണ്. ആ കാലത്ത് പാലയാട് കൂരാറ മൈതാനിയിൽ മുഴുവനും പൂഴി മണലായിരുന്നു. ആ ഗ്രൗണ്ട് ESI പണിയുന്നതിന് വേണ്ടി മാണിയത്ത് ദാമു മാസ്റ്ററിൽ നിന്നും സർക്കാർ അക്വായർ ചെയ്തെടുത്തതായിരുന്നു. ആ മൈതാനത്തിന് നടുവിലൂടെ ശ്യാമൾ എഞ്ചിനീയർ അദ്ദേഹത്തിന്റെ വീട് പണിയുന്ന സമയത്ത് പറമ്പിലേക്ക് വാഹനം പോകുവാനായി കുറച്ച് മണ്ണ് കൊണ്ടിട്ടു ഒരു റോഡ് പോലെ ആക്കിയിരുന്നു. ആ റോഡിൽ പിച്ചുണ്ടാക്കി അവിടെ ഞങ്ങൾ ക്രിക്കറ്റ് കളി തുടങ്ങി. മാരകമായ ക്രിക്കറ്റ് ബോൾ ഒഴിവാക്കി കോർക്ക് ബോൾ കൊണ്ടായിരുന്നു പിന്നീട് കളിച്ചിരുന്നത്.
പറയുവാൻ മാത്രം അപകടങ്ങളൊന്നും ഉണ്ടായിരുന്നില്ല എങ്കിലും അവിടെ വെച്ച് കളിക്കുവാൻ പലർക്കും ധൈര്യം ഇല്ലായിരുന്നു. മൈതാനിയുടെ തെക്കേ ഭാഗത്ത് ഓല കൊണ്ട് മറച്ചു കെട്ടി ഒരു തമിഴ് കുടുംബം താമസിച്ചിരുന്നു. പകൽ സമയത്ത് അമ്മി കൊത്താനും ആമയെ പിടിക്കാനും പോയിക്കൊണ്ടിരുന്ന ആ കുടുംബം ജോലി കഴിഞ്ഞു തിരിച്ചു വന്നാലും ഞങ്ങളുടെ കളി തുടർന്ന് കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ആ തമിഴ് കുടുംബത്തിലെ ഗൃഹനാഥൻ പുറത്തിരുന്ന് എന്തോ ചെയ്തു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ കഴുത്തിന്റെ ഇടതു ഭാഗത്ത് ഡയറക്റ്റ് ആയി പോയൊരു ബോൾ കൊണ്ടു. അദ്ദേഹം സ്ലോ മോഷനിൽ ചരിഞ്ഞു വീഴുന്നത് കണ്ടതും ഞാൻ തകർന്ന് പോയി. കാരണം അദ്ദേഹത്തിന്റെ കഴുത്തിൽ കൊണ്ട ബോൾ എന്റെ ബാറ്റിൽ നിന്നുമായിരുന്നു പോയത്. കാറ്റ് പോയോ ദൈവമേ ? ബോൾ എടുക്കാൻ ഫീൽഡർമാർ പോകുന്നുമില്ല. എന്താണ് പറ്റിയത് എന്ന് നോക്കാൻ പോലും നമ്മളിൽ ആരും ധൈര്യം കാണിച്ചില്ല. ഇങ്ങനെയുള്ള അവസരങ്ങളിൽ പാച്ചാക്കര മോഹനേട്ടൻ തന്റെ സ്ഥിരം പരിപാടിയായി വിജയേട്ടന്റെ വീട്ടിലേക്ക് വലിഞ്ഞു. പമ്മി പമ്മി ഞങ്ങൾ എല്ലാവരും അവരുടെ കുടിലിനെ ലക്ഷ്യമായി നീങ്ങി. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ കാളി പുറത്തോട്ട് ഇറങ്ങി വന്നു. ഞങ്ങളോടായി പറഞ്ഞു. ഉള്ളേ കേറി പാരയ്യാ….. അതിന് ശേഷമാണ് ശ്വാസം നേരെ വീണത്. ബോൾ പോയെടുത്തത് അയ്യപ്പൻ സജീവൻ (ചൗഹാൻ) ആയിരുന്നു. അതിന് ശേഷം പച്ചവെള്ളമിട്ട് ആരാണ് തടവിക്കൊടുത്തത് എന്നൊന്നും ഇന്നെനിക്ക് ഓർമ്മയില്ല മിക്കവാറും രമേശേട്ടനാസ്സായിരിക്കും. ആർക്ക് എന്ത് പറ്റിയാലും രമേശേട്ടാനാണ് വേണ്ടത് ചെയ്യുക.
ആ സംഭവത്തോടെ ക്രിക്കറ്റ് കളിക്കുന്ന ഞങ്ങൾ നാട്ടുകാരുടെ നോട്ടപ്പുള്ളികളായി. അവിടെ കളിക്കാൻ വന്നിരുന്നവരുടെ കൂട്ടത്തിൽ, സുകിൽ, കൺട്രി രമേശൻ, ബച്ചൻ വിനോദ്, ജയരാജ്, സാജൻ, അശോകൻ, ഹരി (പാറ്റ), തുടങ്ങിയവർ ഉണ്ടായിരുന്നു. അവിടെയും അഞ്ചരവരെ ക്രിക്കറ്റ് കളി കഴിഞ്ഞതിന് ശേഷം ബീഡി തൊഴിലാളികളുടെ കൂടെ ഫുട്ബോൾ കളിച്ചിരുന്നു. ആ ഫുട്ബോൾ കളിയിലെ താരമായിരുന്നു ശിവേട്ടൻ . ഡ്രിബിളീംഗിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന രത്നാകരനെ ശിവേട്ടൻ എന്നും വഴക്ക് പറയുമായിരുന്നു. ബോള് കിട്ടിക്കഴിഞ്ഞാൽ മുന്നിലുള്ളവരെ മുഴുവൻ വെട്ടിച്ചു കൊണ്ട് ഗോളിയെ പോലും കട്ട് ചെയ്യുക എന്നത് രത്നാകരന്റെ ഒരു രീതിയായിരുന്നു.
പൂഴി മൈതാനത്തിന്റെ നടുവിൽ ഉണ്ടാക്കിയെടുത്ത പിച്ചിൽ കളി അങ്ങനെ പുരോഗാമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ആ സംഭവം നടക്കുന്നത്.
ആ ദിവസം സ്റ്റിച്ച് ബോൾ കൊണ്ടാണ് കളിച്ചിരുന്നത്. വല്ലപ്പോഴും മാത്രമേ സ്റ്റിച്ച് ബോൾ കിട്ടിയിരുന്നുള്ളൂ. ഒരു ബോൾ വാങ്ങിക്കാൻ മുപ്പത്തഞ്ച് രൂപ വേണമായിരുന്നു. അതിന് കെല്പുള്ള ആരും തന്നെ ഞങ്ങളുടെ കൂട്ടത്തിലില്ല. കളിക്കിടെ ബോളർ ബൗൽ ചെയ്യുന്നു ബാറ്റസ്മാൻ ബീറ്റ് ആകുന്നു, വിക്കറ്റ് കീപ്പർ മിസ്സ് ആക്കുന്നു ആ ബോൾ നേരെ പോയി കൊണ്ടത് മെയിൻ റോഡിലൂടെ നടന്നു പോവുകയായിരുന്ന ഒരു സ്ത്രീയുടെ കാലിന്റെ ചിരട്ടക്ക്. ദിനേശ് ബീഡി കമ്പനിയിൽ ലേബൽ ഒട്ടിക്കുന്ന ജോലിക്ക് പോയി മടങ്ങുകയായിരുന്നു ആ സ്ത്രീ , ഞങ്ങളുടെ അമ്മയേക്കാൾ എത്രയോ പ്രായം കൂടുതലായ കരഞ്ഞുകൊണ്ട് നിൽക്കുന്ന സ്ത്രീയോട്, ബോൾ കൊണ്ട ഒരാളോട് സ്വഭാവികമായി പറയാറുള്ളത് പോലെ അതിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് സുരയേട്ടൻ പറഞ്ഞു. “എവിടെയാണ് കൊണ്ടത് ? അവിടെ ശരിയായൊന്നു തടവണം, ഇല്ലെങ്കിൽ പൊങ്ങി വരും ഞാൻ ചെയ്തു തരാം ” അത് കേൾക്കാൻ കാത്തിരുന്നത് പോലെ നാട്ടുകാർ മൊത്തം ഞങ്ങൾക്ക് എതിരായി. എന്താ കാരണം ? ബോൾ കൊള്ളിച്ചതും പോരാ, പെണ്ണുങ്ങളുടെ കാല് തടവാൻ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. അവർ അവിടത്തെ സ്ഥിതി ആകെ മാറ്റി വഷളാക്കി . ഞങ്ങൾ മഹാ അപരാധികളായി. ബീഡിതൊഴിലാളികളിൽ ചിലരുടെ അന്ധമായ വിരോധം കാരണം ആ ഗ്രൗണ്ടിലെ കളി തുടരാൻ പറ്റാത്ത അവസ്ഥയിലായി ഞങ്ങൾ. ആ സമയത്ത് ക്ലബിന് കെട്ടിടമൊന്നും ഉണ്ടായിരുന്നില്ല. മൈതാനത്തിന്റെ വടക്കു കിഴക്ക് കോണിൽ ഉണ്ടായിരുന്ന കുഞ്ഞിരേട്ടന്റെ ചായക്കടയിൽ സൂക്ഷിച്ചിരുന്ന ഞങ്ങളുടെ കളിക്കോപ്പുകളിൽ ഏറ്റവും നല്ല സ്ലാസൻജർ ബാറ്റ് അവിടെ നിന്നും കാണാതാവുന്നു. ഞങ്ങളോട് വിരോധമുണ്ടായിരുന്ന ചിലർ ആ ബാറ്റ് കട്ടെടുത്തു തീയിട്ടു എന്ന് പിന്നീട് അറിഞ്ഞു. തീയിട്ടിട്ടും ആ ബാറ്റ് കത്തിയിരുന്നില്ല. പുകഞ്ഞു പുകഞ്ഞു തീർക്കുവാൻ അവർ ഒത്തിരി കഷ്ടപ്പെട്ടു എന്നാണ് അറിഞ്ഞത്.
പല ഭാഗത്ത് നിന്നുമുള്ള ഭീഷണികൾ ഉണ്ടായിട്ടും ഞങ്ങൾ അവിടെ തന്നെ കളി തുടർന്നു. അവിടെ ബീഡിതൊഴിലാളികളിൽ ഞങ്ങളോട് അനുഭാവമുള്ള ചിലർ വന്നു ഞങ്ങളോട് പറഞ്ഞു. “നിങ്ങൾ കളി നിർത്തണമെന്നൊന്നും പറയുന്നതിൽ ന്യായമില്ല, എങ്കിലും കുറച്ചു കൂടി സേഫ് ആയ ഒരു ഗ്രൗണ്ട് തരപ്പെടുത്തുന്നതല്ലേ പ്രശ്നം പരിഹരിക്കാൻ നല്ലത് “
അങ്ങനെ ഒരു അഭിപ്രായം വന്നതിന് ശേഷമാണ് കളി ബ്രണ്ണൻ കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. കോളേജ് ഗ്രൗണ്ട് നിറയെ പാറയായിരുന്നു അവിടെയൊരു ക്രിക്കറ്റ് പിച്ചുണ്ടാക്കുക എന്നത് അന്നത്തെ കാലത്ത് ആലോചിക്കുവാൻ പോലും കഴിയില്ല. വെറും പിക്കാസും കൈകോട്ടും കൊണ്ട് പിച്ച് കിളത്തിയിട്ടു. തലശ്ശേരിയിൽ നിന്ന് റോളർ കൊണ്ടുവന്നു. ഒരുപാട് നാളത്തെ ശ്രമത്തിന്റെ ഫലമായി അവിടെയൊരു ക്രിക്കറ്റ് പിച്ച് നിർമ്മിക്കപ്പെട്ടു. കോളേജിലെ സ്പോർട്സ് വിഭാഗത്തിന്റെ തലവൻ സത്യൻ മാഷിന്റെ മൗന അനുവാദവും ഉണ്ടായിരുന്നു. ആ കാര്യങ്ങളൊക്കെ ചെയ്തിരുന്നത് കിഷൻ എന്ന് നമ്മൾ വിളിക്കുന്ന കൃഷ്ണകുമാർ ആയിരുന്നു.
എതിർപ്പുകൾ ഉയർന്നത്തോടെ ഞങ്ങളിലും വാശി കൂടി. ക്രിക്കറ്റ് കളിതുടരുവാനും CDCA ലീഗിൽ ടീം രജിസ്റ്റർ ചെയ്യുവാനും തീരുമാനിച്ചു. ക്ലബ്ബിനായി ഒരു റൂം വാടകക്കെടുത്തു. കോളേജ് ഗ്രൗണ്ടിൽ കളി വിപുലമായി തുടർന്നു. ധർമ്മടം വില്ലേജിൽ അങ്ങനെ ഒരു ക്രിക്കറ്റ് ക്ലബ് ഉടലെടുത്തു. DCC (ധർമ്മടം ക്രിക്കറ്റ് ക്ലബ്) ഇങ്ങനെയൊരു പേര് രൂപപ്പെടുന്നതിന് മുൻപ് തന്നെ എസ് കൃഷ്ണകുമാർ,എം എ പവിയേട്ടൻ, ശ്യാം, രഞ്ജിത്ത്, പ്രഭേട്ടൻ, സി രാജീവ്, വി എസ് അനിൽകുമാർ, തുടങ്ങിയവർ ഞങ്ങളോടൊപ്പം ഉണ്ടായി.
1983 ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യ നേടിയതും 1984 ലെ ബെൻസെൻ & ഹെഡ്ജസ് കപ്പ് നേടിയതും 1987 ൽ ഇന്ത്യയിൽ വേൾഡ് കപ്പ് നടന്നതും കാരണം ഇന്ത്യയിൽ ക്രിക്കറ്റ് ജനകീയമായി. പോരാത്തതിന് അപ്പഴേക്കും ടീവി നിലവിൽ വന്നിരുന്നു. എല്ലാ വീട്ടിലും ടീവി ഇല്ലെങ്കിലും ടീവി ഉള്ള വീട്ടിൽ കളി കാണുവാൻ ആളുകൾ ഒത്തുകൂടിയിരുന്നു.
ആ സമയത്ത് ധർമ്മടം റയിൽവേ സ്റ്റേഷന് സമീപം ബ്ലൂ മൂൺ ജിമ്നഷ്യതിന്റെ ഭാഗമായിരുന്നവർ ക്രിക്കറ്റ് കളി ആരംഭിച്ചു. അവരുമായി ഇടക്ക് സൗഹൃദ മത്സരങ്ങൾ നടത്തിയിരുന്നു. ഗ്രൗണ്ടിലെ പാറയുടെ ചൂടും വെയിലിന്റെ ചൂടുമൊക്കെ കൊണ്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ ഞങ്ങളൊക്കെ കരിം തമിഴന്മാരെ ഓളെയായി മാറി.
ഒരു ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ഫോർവേഡ് ഷോർട്ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന അബീദ് അലി മുഖത്ത് അടിയേറ്റ് മലർന്ന് വീണത് മാറ്റിരു ദുരന്തം. അന്ന് വൈകീട്ട് സുരേഷിന്റെ അമ്മ ശാരദ ടീച്ചർ കലി പൂണ്ട് ചോദിക്കാൻ വന്നതും രമേശേട്ടനോട് തന്നെ.
കാലങ്ങൾ കടന്ന് പോയി, അതിന് ശേഷം കളിക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായി. കെ എം ദിനേശൻ, സുശീൽ, ജഗതി, ഗീതാനന്ദൻ, വിമലാക്ഷൻ, രാധാകൃഷ്ണേട്ടൻ, പ്രകാശൻ, രാകേഷ്, അങ്ങനെ അങ്ങനെ പോകുന്നു പേരുകൾ.
വൈറ്റ് യൂണിഫോം ഇട്ട് കളിക്കുവാൻ ശേഷിയുള്ള പതിനൊന്നു പേര് ഞങ്ങളിൽ ഇല്ലായിരുന്നു. ചിലർ പാന്റ് കടമെടുത്തിട്ടാണ് ആദ്യ മാച്ചിൽ ഇറങ്ങിയത്. അതോടനുബന്ധിച്ചു കൊണ്ട് രസകരമായ പല സംഭവങ്ങളും ഉണ്ടായിരുന്നു. കളിക്കാൻ ആള് തികയാതെ കഷ്ടപ്പെട്ട് നിൽകുമ്പോൾ ഒരു അപരിചിതൻ വന്നു പറയുന്നു. രണ്ട് സൂപ്പർ കളിക്കാരുണ്ട് വേണോ എന്ന്. ഇത് ലോക്കൽ മാച്ച് അല്ല, രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കളിക്കാൻ ഒക്കുള്ളൂ എന്നൊക്കെ പറഞ്ഞിട്ടും പുള്ളിയും കൂടെയുള്ള ഒരാളും ഡ്രസിങ് റൂമിൽ തന്നെ തിരിഞ്ഞു കളിക്കുന്നു. ഒടുവിൽ ആ സൂപ്പർ സ്റ്റാറുകളെ കാണാമല്ലോ എന്ന് കരുതി ആളെ വിളിച്ച് വരാൻ പറഞ്ഞപ്പോൾ പുള്ളി പറയാണ്. ഒന്ന് ഞാനും മറ്റേത് ഇവനും. ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിൽ കള്ളനായി അഭിനയിച്ച് പിടിക്കപ്പെട്ടപ്പോൾ ശ്രീനിവാസൻ ചിരിച്ച അതേ ചിരി. ഒരുപക്ഷെ ശ്രീനിവാസൻ ഇവരിൽ നിന്ന് കോപ്പിയടിച്ച ചിരിയാണോ എന്ന് സംശയമുണ്ട്. തൊട്ടടുത്ത വർഷം അവർ രണ്ടുപേരും DCC യിൽ രജിസ്റ്റർ ചെയ്തു കളിച്ചിരുന്നു എന്നത്, മുട്ടുവിൻ തുറക്കപ്പെടും എന്നതിന് തെളിവായി അവശേഷിക്കുന്നു..
വൈകുന്നേരങ്ങളിലെ കളിയിൽ എന്നും തർക്കങ്ങൾ പതിവായിരുന്നു. സ്ക്കോറിൽ വെള്ളം ചേർക്കൽ തന്നെ വിഷയം. ആ പ്രശ്നത്തിനുള്ള ഒറ്റമൂലി ആയിരുന്നു ഹരി. ഇന്ന് എടക്കാട് ബസാറിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർ ഹരികുമാർ ഗോവിന്ദ്. ഹരിയുണ്ടെങ്കിൽ ആർക്കും വെള്ളം ചേർക്കുവാൻ കഴിയില്ല. ഹരിയുടെ സ്കോർ കറക്റ്റ് ആയിരിക്കും. ആർക്കും തർക്കമുണ്ടാകില്ല.
അതിന് ശേഷം വന്ന തലമുറയിൽ പിന്നീട് മികച്ച കളിക്കാരെ DCC ക്ക് കിട്ടിയിരുന്നു. 🌟ഇടം കയ്യൻ ഫാസ്റ്റ് ബൗളർ വിശ്വാസ്,🌟🎖️ സുനി, അനൂപ്, തമ്പി, സുജേഷ് , രൂപേഷ് (മോങ്കിയ), രൂപേഷ് (കേബു), വെൽ ബോൾ രാജു, പ്രവീൺ, മുകുന്ദേട്ടന്റെ മകൻ രാജു അങ്ങനെ ഒട്ടനവധി കളിക്കാർ.
ആദ്യം B ഡിവിഷനിൽ തുടങ്ങി, ലീഗ് ചാമ്പ്യൻസ് ആയി, പിന്നീട് A ഡിവിഷൻ ഇപ്പോഴും തുടരുന്നു.
ഇന്ന് കഴിവുറ്റ ഒരു പറ്റം കുട്ടികൾ DCC ക്ലബ്ബിനെ നയിക്കുന്നു. പഴയ കാലമൊക്കെ മാറി, ക്രിക്കറ്റ് ഇന്ന് ഇന്ത്യയിൽ മുക്കിലും മൂലയിലും കളിക്കുന്നു. ജനകീയമായിക്കഴിഞ്ഞു.മുൻപ് എതിർത്തിരുന്നവരൊ ക്കെ ഇന്ന് ക്ലബ്ബിന്റെ അബ്യുദയകാക്ഷികളാണ്. അന്ന് മണ്ണിട്ട റോഡിൽ പിച്ചുണ്ടാക്കി ക്രിക്കറ്റ് കളിച്ചിരുന്ന ഞങ്ങളോട്, ഇവന്മാർക്കെന്താ പൂഴിയിൽ പോയി വിലങ്ങനെ കളിച്ചുകൂടെ എന്ന് പറഞ്ഞിരുന്ന സുഹൃത്തിന്റെ മക്കൾ രണ്ട് പേരും അദ്ദേഹത്തിന്റെ അനുജന്റെ മകനും DCC യുടെ പ്രധാന കളിക്കാരായി മാറി എന്നത് വിധിയുടെ കാവ്യ നീതി.
കൂട്ടുകാരിൽ ആരുടെയെങ്കിലും പേര് വിട്ടുപോയി എങ്കിൽ ക്ഷമ ചോദിക്കുന്നു.
ആ കൂട്ടത്തിൽ ഞങ്ങളോട് വിട പറഞ്ഞ് പോയ സജുവേട്ടൻ, ക്ഷീണം രമേശൻ, ബച്ചൻ വിനോദ്, സുജേഷ്, ജയരാജ് തുടങ്ങി എല്ലാവരെയും ഹൃദയത്തോട് ചേർത്ത് വെച്ചുകൊണ്ട് …
VINOD M